ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എലോൺ മസ്ക് ശരിക്കും ഒരു കിറുക്കനാണോ?
ഭൂമുഖത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. ഇന്നത്തെ, അതായത് 2021 ഡിസംബർ 10-ാം തിയതിയിലെ, ബ്ലൂംബർഗ് ഇൻഡക്സ് പ്രകാരം 266 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ ആസ്തി. റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ ഉടമ. ഭാവിയുടെ വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിക് വാഹന സാമ്രാജ്യമായ ടെസ് ലയുടെ അധിപൻ. തല ചായ്ക്കാൻ സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത മനുഷ്യപുത്രൻ. സ്വന്തം പുത്രന് എക്സ് ആഷ് എ-12 എന്ന് പേര് നൽകിയവൻ. വിശേഷണങ്ങൾ ഒരുപാടുണ്ട് എലോൺ മസ്കിന്. അൽപ്പമൊരു എക്സെൻട്രിക് അഥവാ ഒരു അരക്കിറുക്കൻ ആയിട്ടാണ് കോടിക്കണക്കിന് അനുയായികളിൽ ഒരു വിഭാഗമെങ്കിലും ഈ സഹസ്ര കോടീശ്വരനെ കാണുന്നത്.
എലോൺ മസ്കിൻ്റെ ഏറ്റവും പുതിയ ട്വീറ്റാണ് ലോകത്തെ ചൂടുള്ള ചർച്ചാ വിഷയം. "ജോലിയെല്ലാം ഉപേക്ഷിച്ച് മുഴുവൻ സമയ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ആയി മാറിയാലോ എന്ന് ആലോചിക്കുന്നു'' എന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. അരക്കിറുക്കിൻ്റെ നേരത്തിട്ട ട്വീറ്റായിട്ടാണ് ലോകം ഇതിനെ കാണുന്നത്. അല്ലെങ്കിൽ ചുമ്മാ ഒരു ഓളം വെട്ടിനിട്ടത്. എന്തായാലും സംഗതി ക്ലിക്കായി. ലോകം മുഴുവൻ ചർച്ചയായി.
66 മില്യൺ പേരാണ് ട്വിറ്ററിൽ മസ്കിനെ പിന്തുടരുന്നത്. ജനുവരിയിൽ കമ്പനിയുടെ ഒരു കോൺഫറൻസ് കോളിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. "ഉണർന്നാൽ ഉറങ്ങും വരെ, ആഴ്‌ചയിൽ ഏഴ് ദിവസവും, രാവും പകലും, ജോലി ചെയ്തു മടുത്തു. അൽപ്പം ഒഴിവു സമയം ലഭിക്കുന്നത് എത്ര നന്നായിരിക്കും. തീവ്രമായ ആഗ്രഹമാണത്," എന്നായിരുന്നു അന്നത്തെ മാസ് ഡയലോഗ്.