മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോൺ മസ്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുമെന്ന് പറഞ്ഞത് തമാശയാണെന്ന് സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്ക്. "ഞാൻ ഒരു സ്പോർട്സ് ടീമിനെയും വാങ്ങില്ല," മസ്ക് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുമെന്ന് മസ്ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ ഒരു ഉപയോക്താവ് 'ഇത് സത്യമാണോ?' എന്ന് ചോദിച്ചു. ഇതിന് മറുപടിയായാണ്, താൻ പറഞ്ഞത് തമാശയാണെന്ന് മസ്ക് കുറിച്ചത്. മറുവശത്ത്, പ്രീമിയർ ലീഗ് സീസണിൽ യുണൈറ്റഡ് അവരുടെ രണ്ട് മത്സരങ്ങളും തോറ്റു. ബ്രൈറ്റണിനെതിരായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിന് തോറ്റ യുണൈറ്റഡ്, ബ്രെന്‍റ്ഫോർഡിനെതിരായ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്റ്റ്യാനോയെ ടീമിൽ നിലനിർത്തുമെന്ന് നേരത്തെ പറഞ്ഞിരുന്ന യുണൈറ്റഡ് ഇപ്പോൾ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കിൽ ആവാം എന്നാണ് നിലവിൽ യുണൈറ്റഡിൻ്റെ നിലപാട്.