എലോൺ മസ്കിൻ്റെ പുതിയ ട്വീറ്റ് ഹഹഹ...?1; പിരിയിളകി സോഷ്യൽ മീഡിയ
ശതകോടീശ്വരൻ എലോൺ മസ്കിൻ്റെ പുതിയ ട്വീറ്റിൽ പിരിയിളകി ട്വിറ്ററാറ്റികൾ. ഹഹഹ എന്ന അക്ഷരങ്ങൾ, മൂന്ന് ഡോട്സ്, ചോദ്യചിഹ്നം, 1 എന്ന അക്കം ഇത്രയുമാണ് ട്വീറ്റിലുള്ളത്. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ചർച്ചിച്ചിട്ടും മസ്കിൻ്റെ ട്വീറ്റ് എന്തിനെ ചൊല്ലിയാണെന്ന് മാത്രം നെറ്റിസൺസിന് പിടികിട്ടിയിട്ടില്ല.
ചോദ്യചിഹ്നത്തിനുശേഷമുള്ള 1 എന്ന അക്കം എന്തായിരിക്കും എന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ ട്വിറ്ററിൽ പൊടിപൊടിക്കുകയാണ്. ഒരു കുട്ടി കൂടി ജനിച്ചതാവും എന്നാണ് ചിലരുടെ സംശയം. ക്രിപ്റ്റോ കറൻസിയായ ഡോഷിൻ്റെ വിലയാണ് 1 എന്നൊക്കെ ചിലർ തട്ടിവിടുമ്പോൾ, മറ്റു ചിലർ പറയുന്നത് കീബോർഡിൽ ഹഹഹ എന്ന് ടൈപ്പ് ചെയ്യാൻ മാത്രമേ മസ്ക് ഉദ്ദേശിച്ചിരുന്നുള്ളൂ, ചിരി അൽപ്പം നീണ്ടു പോയപ്പോൾ അബദ്ധത്തിൽ കൈ കൊണ്ട് വന്നതാണ് 1 എന്നാണ്. ഒന്ന് ശരിക്കും റോക്കറ്റാണ് എന്ന് പറയുന്നവരുമുണ്ട്.
266 ബില്യൺ അമേരിക്കൻ ഡോളർ നെറ്റ് വർത്തും ആറ് കുട്ടികളും നൂറ് മില്യൺ സോഷ്യൽ മീഡിയാ ഫോളോവേഴ്സും മൂന്ന് ബിസ്നസ് സാമ്രാജ്യങ്ങളും ഒരു ലക്ഷത്തി അമ്പതിനായിരത്തോളം ജീവനക്കാരുമുള്ള മസ്ക് ചുമ്മാ നേരം പോക്കിന് വേണ്ടിയാണ് ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. താൻ ആളുകളെ രസിപ്പിക്കാൻ ആഗ്രഹിക്കുന്നതായി മസ്ക് ഒരാളോട് പറയുന്നുമുണ്ട്. എന്നാൽ ചുമ്മാ നേരം പോക്കല്ല, ശരിക്കും ഡീകോഡിങ്ങ് ചെയ്യേണ്ടതാണ് മസ്കിൻ്റെ ട്വീറ്റുകൾ എന്നാണ് ഒരു വിഭാഗം കരുതുന്നത്.