ഒഡീഷയില്‍ ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായഗഡ: ഒഡീഷയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. റായഗഡ ജില്ലയിലെ കിരംബാഡുംഗുരി ഗ്രാമത്തില്‍ ടൂറിഗാട്ട് വനമേഖലയിലായിരുന്നു സംഭവം. ടൂറിഗാട്ട് വനത്തില്‍ രാത്രി തെരച്ചില്‍ നടത്തുകയായിരുന്ന പോലീസിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് രാജേഷ് പണ്ഡിറ്റ് അറിയിച്ചു. സിആര്‍പിഎഫിന്റെ ഒരു സംഘം, ഒഡീഷയിലെ മാവോയിസ്റ്റ് വിരുദ്ധ പ്രത്യേകസംഘം(എസ്ഒജി), പോലീസ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലിനു ശേഷം നടത്തിയ തെരച്ചിലിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഛത്തീസ്ഗഡിൽ അടുത്തിടെ 10 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11 പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന കലഹണ്ടി ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഒഡീഷ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണ്.