'മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു'; ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്
കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത 'നല്ല സമയം' എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരനാണ് കേസെടുത്തത്. ചിത്രത്തിന്‍റെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിച്ചുവെന്നും അത് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചുവെന്നുമുള്ള പരാതിയിലാണ് എൻഡിപിഎസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തത്. അഞ്ച് പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇർഷാദ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നൽകിയത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ പുതുമുഖങ്ങൾ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിലുണ്ട്.