മണ്ഡലമഹോത്സവകാലത്തിനു സമാപനം; ശബരിമല നട ഇന്ന് രാത്രി അടക്കും

ശബരിമല: മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീർത്ഥാടനകാലത്തെ പ്രധാന ചടങ്ങായ മണ്ഡലപൂജ പുലർച്ചെ 12.30 നാണ് നടന്നത്. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡലപൂജ നടന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.അനന്തഗോപൻ, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐ.എ.എസ് തുടങ്ങിയവർ മണ്ഡലപൂജയിൽ ശ്രീകോവിലിന് മുന്നിൽ സന്നിഹിതരായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് മാത്രമേ ഇനി തുറക്കൂ. വൈകീട്ട് 6.30-ന് ദീപാരാധനയ്ക്കിടെ തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ പ്രതിഷ്ഠിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവകാലം സമാപിക്കും. മൂന്ന് ദിവസത്തിന് ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും, ഡിസംബർ 31 ന് മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കൂ. മണ്ഡല മഹോത്സവത്തിന്‍റെ അവസാന ദിവസമായ ഇന്ന് 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തത്. ഭക്തരുടെ വലിയ തിരക്കുണ്ടായിട്ടും പരാതികളില്ലാതെ മണ്ഡലകാലം കഴിയുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ, 30 ലക്ഷത്തിലധികം ഭക്തർ എത്തിയിട്ടും വിവിധ വകുപ്പുകൾ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും മകരവിളക്ക് കാലത്ത് കൂടുതൽ ഭക്തർ എത്തുമെന്നാണ് കരുതുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇത് കണക്കിലെടുത്ത് ദേവസ്വം ബോർഡും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾക്ക് ധാരണയായിട്ടുണ്ട്. പരമാവധി പാർക്കിംഗ് സൗകര്യം ഒരുക്കുകയും 1500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും അപകടകരമായ രീതിയിൽ മരങ്ങൾ നിന്നാൽ നടപടിയെടുക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗശല്യം നേരിടാൻ നടപടികൾ സ്വീകരിക്കും. ശുചീകരണ പ്രവർത്തനങ്ങൾ കുറച്ചുകൂടി ഊർജിതമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

Related Posts