ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ
ഇസ്‌ലാമാബാദ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ബെൻ സ്റ്റോക്സ് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ 12 ഓളം പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് പരിശീലനം നിർത്തിവച്ചതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾക്കും ചില കോച്ചിംഗ് സ്റ്റാഫുകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാക് ക്രൗളി, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കീറ്റൺ ജെന്നിങ്സ് എന്നിവർ മാത്രമാണ് ഇന്ന് പരിശീലനം നടത്തിയത്. ഇംഗ്ലണ്ട് താരങ്ങളുടെ അസുഖം കാരണം നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മാറ്റിവച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരു ബോർഡുകളും ചർച്ചകൾ നടത്തി വരികയാണ്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കുന്നത്. എന്താണ് താരങ്ങളുടെ അസുഖമെന്ന് വ്യക്തമല്ല. എന്നാൽ ഇവർക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരോട് ഹോട്ടലിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിനായി ഒരു പ്രത്യേക ഷെഫ് ഉണ്ടെന്നും അതിനാൽ ഭക്ഷണത്തിലൂടെ വൈറസ് ബാധിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.