ഗോളിൽ ആറാടി ഇംഗ്ലണ്ട്; ഇറാനെ തകർത്തത് 6-2ന്
ഖത്തർ ലോകകപ്പ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന്‍റെ വല നിറച്ച് ഇംഗ്ലീഷ് ആക്രമണം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാനെതിരെ ഇംഗ്ലണ്ട് 6-2ന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43, 62), റഹീം സ്റ്റെർലിങ് (45+1), മാർക്കസ് റാഷ്ഫോർഡ് (72), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. മെഹ്ദി തരേമിയാണ് ഇറാന്‍റെ രണ്ടു ഗോളുകളും നേടിയത്. 65, 90+13 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു ഗോളുകൾ. പന്തടക്കത്തിലൂടെയും പാസ്സിങ് ഗെയിമിലൂടെയും ആദ്യ പകുതിയിൽ ഇംഗ്ലണ്ട് സമ്പൂർണ മേധാവിത്തം പുലർത്തി. കൃത്യമായ ഇടവേളകളിൽ ഇറാൻ ഗോൾ മുഖം ഇംഗ്ലീഷ് താരങ്ങൾ വിറപ്പിച്ചു. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ പരിക്കേറ്റ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റാന്‍വാന്‍ഡയെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ പ്രതിരോധതാരം മജീദ് ഹൊസൈനിയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു.