കുട്ടിക്കാലത്തെ ഓരോ നിമിഷവും ആസ്വദിക്കണം; സ്കൂൾ ഫോട്ടോ പങ്കുവെച്ച് പ്രമുഖ ചലച്ചിത്രതാരം
ഒന്നര വർഷത്തിനു ശേഷം സ്കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും ആശംസകൾ നേർന്ന് ചലച്ചിത്രതാരം റിമ കല്ലിങ്കൽ. എല്ലാവർക്കും ആശംസകൾ നേരുന്നതായും മനോഹരമായ ഒരു തുടക്കം എല്ലാവർക്കും ഉണ്ടാകട്ടെ എന്നും നടി ഇൻസ്റ്റഗ്രാം ചെയ്തു. സ്കൂൾ കാലഘട്ടത്തിലെ തൻ്റെ ഫോട്ടോ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓരോ നിമിഷവും ആസ്വദിക്കണമെന്ന് കുറിപ്പിൽ പറയുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് ചുവടുവെച്ച അഭിനേത്രിയാണ് റിമ കല്ലിങ്കൽ. തൃശൂർ ജില്ലയിലെ അയ്യന്തോളാണ് റിമയുടെ സ്വദേശം. അഭിനേത്രി എന്നതിനൊപ്പം നർത്തകിയും അവതാരകയുമാണ് റിമ. നാട്ടിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 'നിദ്ര', '22 ഫീമെയിൽ കോട്ടയം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2012-ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. സാമൂഹ്യ വിഷയങ്ങളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന റിമ ആക്റ്റിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ്. സംവിധായകൻ ആഷിക് അബുവാണ് റിമയുടെ ജീവിത പങ്കാളി. ചലച്ചിത്ര നിർമാണ മേഖലയിലും റിമ സജീവമാണ്.
കോലഴി ചിന്മയ വിദ്യാലയത്തിലാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അക്കാലത്തെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി റിമ പങ്കുവെച്ചത്.