തൃശൂർ ജില്ലയിലെ 52 ഓളം ഡിപ്പാർട്ട്മെൻറുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ ആപ്പിൽ ചേർത്തിട്ടുണ്ട്.
എന്റെ ജില്ലാ മൊബൈല്‍ ആപ്പ്: പോസ്റ്ററും വീഡിയോയും പ്രകാശനം ചെയ്തു
തൃശൂർ: എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിനായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പോസ്റ്ററിന്റെയും വീഡിയോയുടെയും പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ച് അറിയാനും അവയെ റേറ്റ് ചെയ്യാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിനായാണ് തയ്യാറാക്കിയിരിക്കുന്നത്. നാഷ്ണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്പിനായുള്ള സാങ്കേതിക സഹായം നല്‍കിയിരിക്കുന്നത്.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുള്‍ കരീം സി പി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രുതി എ എസ് എന്നിവര്‍ പങ്കെടുത്തു.
തൃശൂർ ജില്ലയിലെ 52 ഓളം ഡിപ്പാർട്ട്മെൻറുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ ആപ്പിൽ ചേർത്തിട്ടുണ്ട്.
പ്ലേസ്റ്റോറില്‍ നിന്ന് എന്റെ ജില്ല (ENTE JILLA)ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജില്ല തെരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. അവയുടെ ലൊക്കേഷന്‍ മാപ്പ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പ് വഴി നേരിട്ട് ഓഫീസിലേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും വിളിക്കാനും ഇമെയില്‍ അയക്കാനും കഴിയും. റേറ്റ് ആന്റ് റിവ്യൂ സംവിധാനമാണ് ആപ്പിന്റെ പ്രധാന സവിശേഷത. റൈറ്റ് എ റിവ്യൂ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്ത ശേഷം പേരും ഇമെയില്‍ ഐഡിയും നല്‍കി രജിസ്റ്റര്‍ ചെയ്ത് സർക്കാർ സ്ഥാപനത്തിന് മാര്‍ക്കിടാനും അനുഭവം പങ്കുവയ്ക്കാനും സാധിക്കും. ഓഫീസുകളെ ഒന്നു മുതല്‍ അഞ്ച് വരെ റേറ്റ് ചെയ്യാനും അവയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുവാനും ആപ്പിൽ സൗകര്യമുണ്ട്. പോസ്റ്റ് ചെയ്യുന്ന റിവ്യൂകൾ എല്ലാവര്‍ക്കും കാണാനാകും.
മികച്ച സ്ഥാപനങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കി പ്രോത്സാഹിപ്പിക്കാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സ്ഥാപനങ്ങളെ തിരുത്താനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ഓഫീസുകള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും അവിടെ നിന്നുള്ള സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായവും ജില്ലാ കലക്ടറുടെ കീഴിലുള്ള സംഘം തല്‍സമയം വിലയിരുത്തും. ഇതുപ്രകാരം മികവ് പുലര്‍ത്തുന്ന ഓഫീസുകള്‍ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം അല്ലാത്തവയെ തിരുത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളും. ഓഫീസുകളെ റേറ്റ് ചെയ്യുന്നതോടൊപ്പം അതിനുള്ള കാരണം വിശദീകരിക്കുക കൂടി ചെയ്താല്‍ തുടര്‍ നടപടികള്‍ എളുപ്പമാവുമെന്നും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ അഭ്യർത്ഥിച്ചു.
വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപന കാര്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, ആര്‍ടിഒകള്‍, കെഎസ്ഇബി, സിവില്‍ സപ്ലൈസ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.