അനുയോജ്യമായ അടിക്കുറിപ്പ് നൽകൂ; വിജയികളുടെ വീട്ടിൽ എത്താമെന്ന ഉറപ്പുനൽകി ബോളിവുഡ് താരം അനുപം ഖേർ
രാജ്യം മുഴുവൻ ആരാധകരുള്ള അതുല്യ നടനാണ് അനുപം ഖേർ. ഇരുന്നൂറ്റി അമ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പ്രണയത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
ഡാഡി, മെനെ ഗാന്ധി കൊ നഹി മാരാ, സാരാംശ്, വിജയ്, രാം ലഖൻ, ലംഹേ, ഖേൽ, ഡർ, ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഒട്ടേറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അഭിനയ പ്രതിഭ സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയിലെയും ജീവിതത്തിലെയും രസകരമായ അനുഭവങ്ങളും തെരുവ് കാഴ്ചകളും പ്രഭാത സവാരിക്കിടയിലെ കുസൃതികളും പ്രായമായ അമ്മയ്ക്കൊപ്പമുള്ള ആഹ്ലാദകരമായ മുഹൂർത്തങ്ങളുമെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്യാറുണ്ട്.
ജാകുസി പോലുള്ള ഒരു തൊട്ടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന സ്വന്തം ചിത്രമാണ് നടൻ ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുത്ത അഞ്ച് പേരുടെ വീട്ടിലെത്താമെന്ന് ഉറപ്പു നൽകുന്നുണ്ട്.
ആയിരക്കണക്കിന് പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാരാംശ് ഔർ സൻസാർ, റിട്ടേൺ ടു മതേഴ്സ് വോമ്പ്, അനുപം ദി കാറ്റർപില്ലർ, ലൈഫ് ഇൻ എ ഷെൽ തുടങ്ങി രസകരമായ നിരവധി അടിക്കുറിപ്പുകളാണ് ആരാധകർ നിർദേശിച്ചിരിക്കുന്നത്.