അവസാന നിമിഷം വരെ ആവേശം; രണ്ടാം ടി-ട്വന്റിയിൽ ഇന്ത്യക്ക് ജയം
ലഖ്‌നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. സ്കോർ: ന്യൂസിലൻഡ് 99/8, ഇന്ത്യ 101/4. ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി. ഇതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം മത്സരം നിർണായകമാകും. 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയും സാവധാനം മുന്നേറി. സ്കോർ 17ൽ എത്തിയപ്പോൾ ശുഭ്മാൻ ഗിൽ 11 റൺസിന് പുറത്തായി. ഇന്ത്യക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും അവസാന പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 20 ഓവറിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അതും എട്ട് വിക്കറ്റ് നഷ്ടത്തിൽ. 19 റൺസെടുത്ത മിച്ചൽ സാന്‍റ്നറാണ് ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.