നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻ ഡി എ) സ്ത്രീകൾക്ക് പ്രവേശനം; ചരിത്രം കുറിക്കുന്ന തീരുമാനവുമായി കേന്ദ്രം സുപ്രീം കോടതിയിൽ
ഇന്ത്യൻ സായുധ സേനയിൽ സ്ഥിരം കമ്മീഷന് സ്ത്രീകൾക്ക് അവസരം ഒരുങ്ങുന്നു. സ്ത്രീകളെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ(എൻ ഡി എ) പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
എന്നാൽ എൻഡിഎ കോഴ്‌സുകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിന് വഴിയൊരുക്കാൻ മാർഗ നിർദേശങ്ങൾ രൂപീകരിക്കാൻ കുറച്ചുസമയം കൂടി ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സെപ്റ്റംബർ 20 നകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളെ എൻ ഡി എ യിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സായുധസേന സ്വയം കൈക്കൊണ്ടതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആവില്ലെന്ന് ഞങ്ങൾക്കറിയാം...അതിനുള്ള സമയക്രമവും നടപടിക്രമവും സർക്കാർ നിശ്ചയിക്കും -നാഷണൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി പരീക്ഷകളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന ഹർജിയിൽ വാദം കേൾക്കവേ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സായുധസേനകൾ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ സേനയിലെ ലിംഗസമത്വത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കോടതിയുടെ ഇടപെടലിനായി കാത്തിരിക്കുന്നതിനു പകരം ലിംഗസമത്വം ഉറപ്പാക്കുന്നതിൽ അവർ സ്വയം ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്- ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് എം.എം.സുന്ദ്രേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
റിക്രൂട്ട്മെന്റ് നയം വിവേചനപരമല്ലെന്നും സ്ത്രീകൾക്ക് അപേക്ഷിക്കാൻ ധാരാളം മാർഗങ്ങളുണ്ടെന്നും സർക്കാർ വാദിച്ചു.
എൻ ഡി എ പരീക്ഷയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന പുരുഷന്മാർക്ക് നിലവിൽ സായുധ സേനയിൽ സ്ഥിരം കമ്മീഷനാണ് അനുവദിക്കുന്നത്. എന്നാൽ, ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരായാണ് സ്ത്രീകൾ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്.
കരിയറിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് സ്ഥിരം കമ്മീഷനായി പരിഗണിക്കുന്നതിനുള്ള അവസരം സ്ത്രീകൾക്ക് ലഭിക്കുന്നത്.