മകരവിളക്ക് ദിവസം പമ്പയിൽ നിന്ന് പ്രവേശനം ഉച്ചയ്ക്ക് 12 വരെ മാത്രം

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം മകരവിളക്ക് മഹോത്സവത്തിന് റെക്കോർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. മകരജ്യോതി ദർശനത്തിനായി ഭക്തർ ഇതിനകം തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സൗകര്യപ്രദമായ ദർശനവും സുരക്ഷയും ഒരുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തീർത്ഥാടകർ കൂടുതലുള്ള പാണ്ടിത്താവളം, മാഗുണ്ട, അയ്യപ്പ നിലയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മതിയായ സുരക്ഷ ഉറപ്പാക്കും. പൊലീസ്, ആർഎഎഫ്, എൻഡിആർഎഫ്, റവന്യൂ എന്നിവയുടെ സംയുക്ത സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ചില സ്ഥലങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. റേഞ്ച് ഐജിയും ഡിഐജിയും പുല്ലുമേട്, പാഞ്ചാലിമേട് പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 102 പേരുടെ ജീവനെടുത്ത ദുരന്തത്തിന് ശേഷം മകരജ്യോതി കാണാൻ പുല്ലുമേട്ടിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു.

Related Posts