"എപിഡെമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം"- പുസ്തകപ്രകാശനം
ഷാർജ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ. വി രാമൻകുട്ടി രചിച്ച "എപിഡെമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം" എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവ വേദിയിൽ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്നു.
ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ കമ്യൂണിറ്റി മെഡിസിൻ വിദഗ്ധയും പരിയാരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡീസിൻ വിഭാഗം മുൻ അധ്യക്ഷയുമായ ഡോ. എം ജയകുമാരി പുസ്തക പ്രകാശനം നിർവ്വഹിച്ചു. അഡ്വ. ബിനി സുരേഷ് പുസ്തകം ഏറ്റുവാങ്ങി. ദുബായ് ഹെൽത് അതോറിറ്റിയിലെ ഫാമിലി ഫിസിഷ്യൻ ഡോ. ലേന പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. അഡ്വ. ശ്രീകുമാരി ആൻ്റണി അധ്യക്ഷയായിരുന്നു. പ്രകാശന ചടങ്ങിനു ഡോ. അനുഷ സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി നാളിതുവരെ ലോകത്താകെ നടന്നിട്ടുള്ള പ്രവർത്തനങ്ങളും അതിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച അവബോധം ഉണ്ടാക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഒരു വിജ്ഞാനഗ്രന്ഥമാണ് ഈ പുസ്തകം.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ പ്രൊഫസറായി വിരമിച്ച ഡോ. വി രാമൻകുട്ടി പൊതുജനാരോഗ്യ വിജ്ഞാനം, എപിഡെമിയോളജി, ആരോഗ്യനയ രൂപീകരണം എന്നീ മേഖലകളിൽ ഗവേഷണവും അധ്യാപനവും നടത്തിയിട്ടുണ്ട്. ഇപ്പോൾ അമല കാൻസർ ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു.
ഗ്രന്ഥകൃത്തിനു ചടങ്ങിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. പൂർണ്ണമായും സ്ത്രീകൾ മാത്രം വേദി പങ്കിട്ട പുസ്തകപ്രകാശന ചടങ്ങ് പുസ്തകോൽസവത്തിലെ വേറിട്ട അനുഭവമായിരുന്നു.