എറിക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ; അനുമതി നൽകി സെനറ്റ്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും. നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. ഗാർസെറ്റിയുടെ നിയമനം രണ്ട് വർഷമായി സെനറ്റിന്‍റെ പരിഗണനയിലായിരുന്നു. ഗാർസെറ്റി ലോസ് ഏഞ്ചൽസ് നഗരത്തിന്‍റെ മുൻ മേയറാണ്. മേയറായിരിക്കെ തന്‍റെ ഓഫീസിലെ ജീവനക്കാർക്കെതിരായ ലൈംഗികാരോപണങ്ങളിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിൽ ഗാർസെറ്റി പരാജയപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് അംബാസഡറുടെ നിയമനം സെനറ്റിൽ തടസപ്പെട്ടു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിശ്വസ്തനാണ് എറിക് ഗാർസെറ്റി. 2021 ലാണ് എറിക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. എന്നാൽ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 12 വർഷം യുഎസ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന എറിക് കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ 2022 വരെ ലോസ് ഏഞ്ചൽസിലെ 42-ാമത് മേയറായിരുന്നു എറിക്. സുഹൃത്തും ഉപദേഷ്ടാവുമായ റിക്ക് ജേക്കബിനെതിരെ നൽകിയ പരാതിയിലാണ് എറിക് തണുപ്പൻ സമീപനം സ്വീകരിച്ചത്. 42 നെതിരെ 54 വോട്ടുകൾ നേടിയാണ് എറിക് അംബാസഡർ സ്ഥാനത്തെത്തിയത്. 2021 മുതൽ യുഎസിന് ഡൽഹിയിൽ അംബാസഡർ ഇല്ലായിരുന്നു.