‘കൊച്ചി കലക്ടർ’ ഇനി ഒരുക്കും സർക്കാർ വാർത്ത
കൊച്ചി: തന്‍റെ മുഖം മാധ്യമങ്ങളിൽ ഉണ്ടാകാൻ ആഗ്രഹിക്കാതെ, വികസനത്തിന് എന്നും ഊന്നൽ നൽകിയ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് പടിയിറങ്ങുകയാണ്. സംസ്ഥാന സർക്കാരിന്റെ വാർത്തകൾ കൈകാര്യം ചെയ്യുന്ന പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഡയറക്ടറായാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. സർക്കാരിന്റെ രാഷ്ട്രീയ, വികസന നിലപാടുകൾ തിരിച്ചറിഞ്ഞു കൃത്യമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യമാണ് ജാഫർ മാലിക്കിന്റെ പ്രവർത്തനങ്ങൾക്ക് എന്നും മുതൽക്കൂട്ടായത്. ജില്ലയുടെ പ്രിയപ്പെട്ട കളക്ടർമാരിൽ ഒരാളായ ജാഫർ മാലിക് ബുധനാഴ്ച കളക്ടറേറ്റിൽ നിന്ന് പുതിയ ചുമതലകളിലേക്ക് മാറുകയാണ്. 2021 ജൂലൈ 12നാണ് ജാഫർ മാലിക് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. വികസന പദ്ധതികളിൽ ഫലപ്രദമായ ഇടപെടൽ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവ നേട്ടങ്ങളായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതും ഇക്കാര്യത്തിൽ അതുല്യമായ നേട്ടമായിരുന്നു.