500 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയില്‍ വലഞ്ഞ് യൂറോപ്പ്
500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പ് ഏറ്റവും വലിയ വരൾച്ചയിൽ നട്ടം തിരിയുന്നു. യൂറോപ്യന്‍ കമ്മിഷന്‍ ജോയിന്റ് റിസേര്‍ച്ച് സെന്ററിലെ മുതിർന്ന ഗവേഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇത്തവണത്തെ വരൾച്ചയിൽ 2018 നെ അപേക്ഷിച്ച് വളരെ മോശമായ അനന്തരഫലത്തെ അഭിമുഖീകരിക്കേണ്ടിവരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, പടിഞ്ഞാറൻ മധ്യ യൂറോപ്പിലും ബ്രിട്ടനിലും അടുത്ത മൂന്ന് മാസം കൂടുതൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. റൈൻ, ലോയർ തുടങ്ങിയ പ്രധാന ജലാശയങ്ങൾ വറ്റിവരണ്ടത് യൂറോപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. സ്കാൻഡിനേവിയൻ മേഖലയിലുടനീളം കടൽമാർഗമുള്ള ചരക്കുനീക്കവും നിലച്ചു. 90 ശതമാനം വൈദ്യുതി ഗതാഗതത്തിനും ജലവൈദ്യുതിയെ ആശ്രയിക്കുന്ന നോർവേയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. യൂറോപ്യൻ കമ്മിഷന്‍റെ യൂറോപ്യൻ ഡ്രോട്ട് ഒബ്സർവേറ്ററിയിൽ നിന്നുള്ള മൊത്തം ഡാറ്റ അനുസരിച്ച്, യൂറോപ്യൻ ഭൂപ്രകൃതിയുടെ 17 ശതമാനം അപകടത്തിലാണ്.