ഇന്ത്യയിൽ പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല; വിവാദ പരാമർശവുമായി പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: പെഷവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. "ഇന്ത്യയിൽ പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല" എന്ന പരാമർശമാണ് വിവാദമായി മാറിയിരിക്കുന്നത്. ഡോൺ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. "ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല. പക്ഷെ അത് പാകിസ്താനിൽ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒന്നിക്കണം. പരിഷ്കരണത്തിനുള്ള സമയമായി," ഖ്വാജ ദേശീയ അസംബ്ലിയിൽ പറഞ്ഞു. പിപിപി കാലത്ത് സ്വാത്തിൽ നിന്നാണ് ഭീകരതയ്ക്കെതിരായ യുദ്ധം ആരംഭിച്ചത്. പിഎംഎൽ-എന്നിൻ്റെ മുൻ ഭരണകാലത്താണ് ഇത് അവസാനിച്ചത്. കറാച്ചി മുതൽ സ്വാത്ത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് തീവ്രവാദത്തെക്കുറിച്ചുള്ള ബ്രീഫിംഗുകൾ രണ്ടോ മൂന്നോ തവണ നൽകിയിരുന്നു. ഭീകരതയ്ക്കെതിരെ ചർച്ച നടത്താമെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.  അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകൾ പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. സ്വാത്തിലെ സമരം ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഭീകരാക്രമണത്തിൽ ഇന്ത്യ അപലപിച്ചിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 

Related Posts