ഷെഡിൽ കഴിഞ്ഞിരുന്നതെല്ലാം ഇനി ഓർമ്മ; കൂട്ടുകാരിക്ക് വീടൊരുക്കി സഹപാഠികൾ

പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങിയിരുന്നതെല്ലാം റാണിമോൾക്ക് ഇനി ഓർമ്മ മാത്രം. സഹപാഠികൾ കൈകോർത്ത് നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം റാണിമോൾക്കും, ഭർത്താവിനും കഴിയാം. പ്ലാസ്റ്റിക് ഷീറ്റും, ചാക്കുകളും ഉപയോഗിച്ച് മറച്ചാണ് ഈ നിർധനകുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി അധ്വാനിച്ച് വീട് വെക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ലൈഫ് പദ്ധതിയെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. സ്വരാജ് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ 2003-2005 ലെ പ്ലസ്ടു ബാച്ചിൽ പഠിച്ചിരുന്ന സഹപാഠിയുടെ അവസ്ഥ സുഹൃത്തുക്കൾ അറിഞ്ഞതോടെ റാണിമോളുടെ വീടെന്ന സ്വപ്നം അവർ ഏറ്റെടുക്കുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തുക്കളും, ഡിഗ്രിക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും ഉദ്യമത്തിൽ പങ്കുചേർന്നു. റാണിയെയും കുടുംബത്തെയും മറ്റൊരിടത്തേക്ക് മാറ്റി ഷെഡ് പൊളിച്ച് വീട് നിർമ്മാണം ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ സുമനസ്സുകൾ തുടർനിർമാണത്തിനും, വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും സഹായം നീട്ടി. 2 ബെഡ്റൂം, ഹാൾ, അടുക്കള, സിറ്റ്ഔട്ട്‌, എന്നിവയെല്ലാമുള്ള വീട്ടിൽ റാണി ഭർത്താവും, കുട്ടികളുമൊത്ത് ഉടനെ താമസമാരംഭിക്കും.

Related Posts