കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; ഉടലിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിച്ച 'ഇവല്യൂഷന്' മികച്ച പ്രതികരണം
തൃശ്ശൂർ: ഉടലിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിച്ച ജോസ് കോശിയുടെ ഇവല്യൂഷൻ എന്ന ചെറുനാടകത്തിന് ഹോപ്പ് ഫെസ്റ്റ് വേദിയിൽ മികച്ച പ്രതികരണം. കേരള സംഗീത നാടക അക്കാദമിയിൽ നടക്കുന്ന ഹോപ്പ് ഫെസ്റ്റിന്റെ പ്രഥമദിനത്തിലെ ആദ്യ അവതരണമായിരുന്നു അത്. ബ്ലാക്ക് ബോക്സിൽ നിറഞ്ഞ സദസ്സിൽ നാടകം അരങ്ങേറി. സംഭാഷണമില്ലാതെ, ശരീരഭാഷയിലൂടെ ഉടലിന്റെ വിഹ്വലതകൾ വിളിച്ചു പറയുന്ന ഇവല്യൂഷൻ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. വ്യവസ്ഥക്കനുസൃതമായി രൂപപ്പെട്ട വലിയ ഉടലിന്റെ താഴെ പ്രാകൃതമായ ഉൾക്കൊഴുപ്പിൽ മുങ്ങിത്താണുകിടക്കുന്ന മറ്റൊരു ഉടൽ. പരസ്പരം സംവദിക്കാൻ ഇടമില്ലാത്ത ഈ രണ്ട് ഉടലുകൾ ഒരേ ഘടനയിൽ നിന്നുകൊണ്ടു തന്നെ സംവദിക്കുന്നു. ആര് ആരെയാണ് കേൾക്കുക എന്ന ചോദ്യമുയർത്തുന്ന നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് അടാട്ട് ഗോപാലനും, വിവേക് റോഷനും ആണ്. വൈകീട്ട് 7.30 നും ഇതേ നാടകം നിറഞ്ഞ സദസ്സിൽ അരങ്ങേറി.
സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളായിരുന്ന ഗാർഗി അനന്തൻ, അതുൽ എം, അജയ് ഉദയൻ എന്നിവർ അഭിനയിച്ച ഹോപ്പ് ക്ലൗൺസ്, വി സതീഷ് സംവിധാനം ചെയ്ത ടക്ക്ന്ന് ഒരു കഥ, വിനു ജോസഫ് അവതരിപ്പിച്ച ക്ലൗൺ ഷോ ആയ ഡോക്ടർ വികടൻ എന്നിവയും സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കൊറിയോഗ്രാഫിക് ഷോയും, സർക്കസ് തിയ്യറ്ററായ ടിങ്കിയും കാണികളെ ആകർഷിച്ചു.