വിദ്യാർത്ഥികളുടെ പരീക്ഷ; ഇടുക്കിയിലെ ഹർത്താലിൽ നിന്ന് 3 പഞ്ചായത്തുകളെ ഒഴിവാക്കി
ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഇന്ന് നടക്കുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ കണക്കിലെടുത്താണ് തീരുമാനം. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധം നടക്കും. മദപ്പാട് ഉള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ സ്ഥാപിക്കാനും കോടതി നിർദേശിച്ചിരുന്നു. ദൗത്യ സംഘവും കുങ്കി ആനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റണമെന്ന് വിദഗ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അരിക്കൊമ്പൻ്റെ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് ആരംഭിക്കും. 2 വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരു അമിക്കസ് ക്യൂറിയും ആനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള 2 പേരും അടങ്ങുന്നതാണ് സമിതി. അടുത്ത മാസം 5ന് കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.