അധികമുള്ള വാക്സിൻ അടുത്ത മാസം മുതൽ കയറ്റി അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വാക്സിൻ മൈത്രി പദ്ധതി ഒക്ടോബർ മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വിതരണത്തിനായി രൂപം കൊടുത്ത കോവാക്സ് പദ്ധതിയിൽ ഇന്ത്യ അംഗമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം യു എസ്, യു കെ തുടങ്ങിയ രാജ്യങ്ങളും കോവാക്സുമായി സഹകരിക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ വരെ 66.4 മില്യൺ ഡോസ് വാക്സിനാണ് രാജ്യം കയറ്റി അയച്ചത്. രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗം ശക്തമായതോടെയാണ് വാക്സിൻ കയറ്റുമതി നിർത്തിവെച്ചത്.
മുന്നൂറ് മില്യണിലേറെ (മുപ്പത് കോടി) ഡോസ് വാക്സിൻ ഒക്ടോബറിൽ ഉത്പാദിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അടുത്ത പാദത്തിൽ ഉത്പാദനം 100 കോടിയായി വർധിക്കും.
വസുധൈവ കുടുംബകം എന്ന മഹത്തായ ആശയമാണ് രാജ്യം പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് എന്ന മഹാമാരിക്കെതിരെ കൂട്ടായ യത്നമാണ് ലോകം മുഴുവൻ നടക്കേണ്ടത്. അതിൽ ഇന്ത്യ അതിൻ്റേതായ പങ്ക് നിർവഹിക്കും.