ശബരിമല സ്പെഷ്യൽ ട്രെയിനിൽ അമിത നിരക്ക്; റെയിൽവേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. അധിക നിരക്ക് ഈടാക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി, കേസിൽ റെയിൽവേയെ കക്ഷി ചേർക്കാനും നിർദേശിച്ചു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന് കേരളം ആരോപിച്ചിരുന്നു. അമിതവില ഈടാക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അബ്ദുറഹിമാൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. ഹൈദരാബാദ്-കോട്ടയം യാത്രയുടെ സാധാരണ സ്ലീപ്പർ നിരക്ക് 590 രൂപയാണ്. എന്നാൽ ശബരി സ്പെഷ്യൽ ട്രെയിനിൽ ഇത് 795 രൂപയാണ്. അതായത് 205 രൂപ അധിക ചാർജ് ഈടാക്കുന്നു.