അമിത വേഗമോ, ആയുസ്സിൻ്റെ വലിപ്പമോ? സൂപ്പർ ഹിറ്റായി കേരള പൊലീസിൻ്റെ ട്രോൾ വീഡിയോ

അമിത വേഗത ആയുസ്സൊടുക്കും എന്ന സന്ദേശം പ്രചരിപ്പിക്കാൻ കേരള പൊലീസ് പുറത്തിറക്കിയ ട്രോൾ വീഡിയോ സൂപ്പർ ഹിറ്റായി. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

സിദ്ദിഖ് ലാലിൻ്റെ തിരക്കഥയിൽ വർഷങ്ങൾക്കു മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന കോമഡി ഫാൻ്റസി സിനിമയിലെ ദൃശ്യങ്ങളാണ് ട്രോൾ വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാൽ, റഹ്മാൻ, തിലകൻ, ലിസി ഉൾപ്പെടെയുള്ള താരങ്ങൾ അഭിനയിച്ച സിനിമയുടെ പ്രമേയം ബൈക്ക് അപകടത്തിൽ മരിച്ച ഒരാളിൻ്റെ പ്രേതത്തിന് കുറച്ചു നാൾ കൂടി ഭൂമിയിൽ തങ്ങാൻ യമരാജൻ അവസരം നൽകുന്നതാണ്.

പപ്പൻ എന്ന ഗായകൻ്റെ വേഷത്തിലാണ് റഹ്മാൻ ഈ ചിത്രത്തിലുള്ളത്. യമരാജനായി തിലകനും സർക്കിൾ ഇൻസ്പെക്ടർ ദേവദാസായി മോഹൻലാലും വേഷമിടുന്നു. കാമുകിയെ പിറകിലിരുത്തി അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്ന നായകനെയാണ് ട്രോൾ വീഡിയോ കാണിക്കുന്നത്. അൽപ നേരത്തിനു ശേഷം നായകൻ തിരിഞ്ഞു നോക്കുമ്പോൾ കാമുകിക്ക് പകരം പിറകിലിരിക്കുന്ന യമരാജനെയാണ് കാണുന്നത്. ബൈക്ക് പൊടുന്നനെ യമരാജൻ്റെ വാഹനമായ പോത്ത് ആയി മാറുന്നു.

അമിത വേഗം ആപത്തിലാക്കുമെന്ന സന്ദേശം നൽകാൻ ഉപകരിക്കുന്ന ട്രോൾ വീഡിയോ കിടിലനായെന്നാണ് പൊതുവെയുള്ള പ്രതികരണങ്ങൾ.

Related Posts