ആവേശകരമായ മടക്കയാത്ര, ഗ്ലാസ്ഗോയിൽ യാത്രയയപ്പിന് എത്തിയ ഇന്ത്യൻ സംഘത്തിനൊപ്പം ഡ്രമ്മുകൊട്ടി പ്രധാനമന്ത്രി
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ചൈനീസ്, റഷ്യൻ രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിലെ അസാന്നിധ്യവുമെല്ലാം ചർച്ചയായ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ നഗരത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മടക്കയാത്ര ആവേശകരമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു ഇന്ത്യൻ സംഘമാണ് മോദിയെ യാത്രയാക്കാൻ എത്തിയത്.
വിജയകരമായ സ്കോട്ലൻഡ് സന്ദർശനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന മോദിയെ ബാൻഡ് വായിച്ചും സംഗീതം ആലപിച്ചുമാണ് ഇന്ത്യൻ സമൂഹം യാത്രയാക്കിയത്. ബാൻഡ് വാദ്യക്കാരുടെ കൈയിൽനിന്ന് ഡ്രമ്മു വാങ്ങി മോദി തന്നെ കൊട്ടിയപ്പോൾ ആവേശം അലതല്ലിയൊഴുകി. കുട്ടികളോട് കുശലം പറഞ്ഞും അവരെ താലോലിച്ചും തലയിൽ കൈവെച്ച് അനുഗ്രഹിച്ചും അടുത്തിട പഴകാൻ പ്രധാനമന്ത്രി സമയം കണ്ടെത്തി. യാത്രയയപ്പിന് എത്തിയ സംഘാംഗങ്ങളിൽ മുഴുവൻ പേരേയും അഭിവാദ്യം ചെയ്തും ഹസ്തദാനം ചെയ്തും തൃപ്തരാക്കിയാണ് മോദിയുടെ മടക്കയാത്ര.