പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: ഗവർണറും കേരള സർവകലാശാലയും തമ്മിലുള്ള പോരാട്ടം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലാണ്. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അംഗങ്ങളെ പിൻവലിക്കാനുള്ള ഉത്തരവ് വിസി തള്ളിയിരുന്നു. അതേസമയം, പിൻവലിച്ച 15 പേർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിശദീകരണം തേടാതെയുള്ള നടപടി നിയമവിരുദ്ധമാണെന്നാണ് വാദം. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്നലെ ഉത്തരവ് പുറപ്പെടുവിക്കാൻ ഗവർണർ കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. വിസി തള്ളിയതിനെ തുടർന്ന് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കി. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച രാജ്ഭവൻ ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. ചാൻസലർ എന്ന നിലയിലുള്ള അധികാരങ്ങൾ വിനിയോഗിച്ച് നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ അസാധാരണമായ രീതിയിൽ ഗവർണർ പിൻവലിച്ചിരുന്നു. കേരള സർവകലാശാലയുടെ പ്രതിനിധിയെ വിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവികളും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. പിന്നീട് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കേരള സർവകലാശാല വിസിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. എന്നാൽ, നിയമപരമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പറഞ്ഞ് വിസി നിർദ്ദേശം നിരസിച്ചു. ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാനാവില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകി.