അഫ്ഗാനിലെ മദ്രസയിൽ സ്ഫോടനം; കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 10 കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനം വടക്കൻ നഗരമായ അയ്ബനിലാണ് നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് സമൻഗാൻ പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിൽ 10 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ഠാക്കൂർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.