കളിമുറ്റമൊരുക്കാന്‍ ചൊവ്വന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചൊവ്വന്നൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ കളിമുറ്റമൊരുക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സ്‌കൂളുകളില്‍ ഒക്ടോബര്‍ 2 മുതല്‍ 8 വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ശുചിത്വമിഷനാണ് പദ്ധതിയുടെ ഏകോപന ചുമതല.
ഇതിന്റെ ഭാഗമായി ചൊവ്വന്നൂര്‍ ബ്ലോക്ക്പഞ്ചായത്തില്‍ പ്രസിഡന്റ് ആന്‍സി വില്യംസിന്റെ അധ്യക്ഷയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
പി ഐ രാജേന്ദ്രന്‍, രേഖ സുനില്‍, ടി ആര്‍ ഷോബി, മിനി ജയന്‍, ബി പി സി ഷൈജു, എ ഇ ഒ വി കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, എന്‍.എസ്.എസ്, കരിയര്‍ ഗൈഡന്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബര്‍ 25 നകം ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലും സെപ്റ്റംബര്‍ 27നുള്ളില്‍ സ്‌കൂള്‍ തലത്തിലും ആലോചനാ യോഗങ്ങള്‍ ചേരും.
അധ്യാപക-രക്ഷാകര്‍ത്തൃ സമിതികള്‍, എം.പി.ടി.എ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെയും പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ കുട്ടികളെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കുട്ടികളെ പങ്കെടുപ്പിക്കാത്തത്. എന്നാല്‍ അതേസമയം കുട്ടികളും വീട്ടിലെ മുതിര്‍ന്നവരും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ വീടും പരിസരവും വൃത്തിയാക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
ഒക്ടോബര്‍ 2ന് തദ്ദേശ സ്ഥാപനതല ഉദ്ഘാടനങ്ങള്‍ക്കൊപ്പം സ്‌കൂള്‍ തല ഉദ്ഘാടനവും നടത്തും. സമാപന ദിവസം ഒക്ടോബര്‍ 8 ന് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും സ്‌കൂളുകളില്‍ നടത്തും.