ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദ്ദം; കേരളത്തിൽ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറുന്നതോടെ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം രാത്രിയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും നാളെ രാവിലെയോടെ തമിഴ്നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് പുതുച്ചേരിക്കും ചെന്നൈയ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വടക്കൻ തമിഴ്നാട്- പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

10-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

11-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

Related Posts