നീക്കം ചെയ്തത് 33 ദശലക്ഷം പോസ്റ്റുകൾ: ഫേസ്ബുക്കിൻ്റെ ആക്ഷൻ ടേക്കൺ റിപ്പോർട്ട്
ന്യൂഡൽഹി: ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള ഒന്നര മാസക്കാലത്ത് തങ്ങൾ നീക്കം ചെയ്തത് 33 ദശലക്ഷം കണ്ടൻ്റുകളെന്ന് ഫേസ്ബുക്ക്. പ്ലാറ്റ്ഫോമിൻ്റെ 10 നയങ്ങളും ലംഘിക്കുന്ന തരത്തിലുള്ള ദോഷകരമായ ഉള്ളടക്കമാണ് ഒഴിവാക്കിയത്.
നഗ്നതാ പ്രദർശനം, മതസ്പർധ വളർത്തൽ, വയലൻ്റ്-ഗ്രാഫിക് കണ്ടൻ്റുകൾ, സൈബർ ബുള്ളിയിങ്ങ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള മറ്റു അതിക്രമങ്ങൾ തുടങ്ങി പ്ലാറ്റ്ഫോമിൻ്റെ നൈതികതയെ ലംഘിക്കുന്ന തരത്തിലുള്ള ദോഷകരമായ ഉള്ളടക്കമാണ് നീക്കം ചെയ്യപ്പെട്ടത്.
ഫെബ്രുവരി 25-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഐ ടി ചട്ടങ്ങൾ അനുസരിച്ച് സാമൂഹ്യ മാധ്യമങ്ങൾക്കും ഓൺലൈൻ പോർട്ടലുകൾക്കും കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇതു പ്രകാരം തങ്ങൾക്കു ലഭിക്കുന്ന പരാതികളെ സംബന്ധിച്ചും അതിന്മേൽ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ചും ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ സർക്കാരിന് മാസം തോറും റിപ്പോർട്ട് സമർപ്പിക്കണം. അതനുസരിച്ചാണ് ഗൂഗിൾ, ഫേസ് ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ പ്രതിമാസ 'ആക്ഷൻ ടേക്കൺ' റിപ്പോർട്ട് ഐ ടി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളത്.
ഇതേ കാലയളവിൽ തങ്ങൾ നീക്കം ചെയ്തത് 1.1 ദശലക്ഷം വയലൻ്റ്-ഗ്രാഫിക് കണ്ടൻ്റുകളാണെന്ന് ഇൻസ്റ്റഗ്രാമിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യ ചെയ്യുന്നതും സ്വയം പരിക്കേൽപ്പിക്കുന്നതും ഉൾപ്പെടെയുള്ള 8,11,000 പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. 1.8 ദശലക്ഷം ലൈംഗിക ദൃശ്യങ്ങളാണ് ഒഴിവാക്കിയത്.
നയങ്ങൾ ലംഘിച്ച 3 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തതായി മന്ത്രാലയത്തിന് വാട്സാപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
36,934 പരാതികൾ കിട്ടിയതായും 95,680 കണ്ടൻ്റുകൾ നീക്കം ചെയ്തതായും ഗൂഗിളിൻ്റെ ട്രാൻസ്പരൻസി റിപ്പോർട്ടിലുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ പുതിയ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് പ്രകാരം 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ തങ്ങൾക്ക് ലഭിക്കുന്ന പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. പരാതി പരിഹാരത്തിനായി ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ ഇന്ത്യയിൽ തന്നെ നിയമിക്കുന്നത് സംബന്ധിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി തർക്കങ്ങൾ നിലനിന്നിരുന്നു. രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് അനുസരിക്കണം എന്ന് കേന്ദ്ര സർക്കാർ കർക്കശ നിലപാട് എടുത്തതോടെ സോഷ്യൽ മീഡിയാ രംഗത്തെ അതികായന്മാർ വഴങ്ങുകയായിരുന്നു.