മെറ്റ വെരിഫൈഡ്; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ സബ്സ്ക്രിപ്ഷൻ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ഒരാൾ പ്രതിമാസം 11.99 ഡോളർ നൽകണം. ഈ പുതിയ സവിശേഷത സേവനത്തിന്‍റെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സക്കർബർഗ് പോസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ ആഴ്ച തന്നെ മെറ്റ വെരിഫൈഡ് ലഭ്യമാകും. അതിനുശേഷം അമേരിക്കയിലും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സക്കർബർഗ് പറഞ്ഞു.