വീണ്ടും പണിമുടക്കി ഫേയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും
സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. ഫേയ്‌സ്ബുക്കിനൊപ്പം ഇന്‍സ്റ്റഗ്രാമിന്റേയും വാട്‌സ്ആപ്പിന്റേയും പ്രവര്‍ത്തനം നിലച്ചു. അർധരാത്രി 12 മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ടു മണിക്കൂറിനു ശേഷം പ്രശ്നം പരിഹരിക്കപ്പെട്ടു.
തുടര്‍ന്ന് ക്ഷമാപണവുമായി ഫേയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത് എന്നാണ് കമ്പനി വ്യക്തമാക്കിയത്. 'കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ഈ ആഴ്ചയിലെ നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി പറയുന്നു'.- ഫേയ്‌സ്ബുക്ക് ട്വിറ്ററില്‍ കുറിച്ചു.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഫേയ്‌സ്ബുക്കിന്റെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തെറ്റുന്നത്. തിങ്കളാഴ്ച ആറു മണിക്കൂറോളം സമയമാണ് ഫേയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും വാട്‌സ്ആപ്പിന്റേയും പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്സ്ബുക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയോളംരൂപ നഷ്ടമായിരുന്നു