ഫേസ്ബുക്കിന്റെ പണിമുടക്കിൽ സുക്കർബർഗിന്റെ നഷ്ടം 700 കോടി ഡോളർ
ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമെല്ലാം ഇന്നലെ രാത്രി കൂട്ടത്തോടെ പണി മുടക്കിയപ്പോൾ ഉടമയായ മാർക്ക് സുക്കർബർഗിന് നഷ്ടമായത് ശതകോടികൾ. ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളുടെയും ഓഹരി വിലയിൽ ഉണ്ടായ ഇടിവാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് ഏഴ് ബില്യൺ ഡോളറിന്റെ കനത്ത നഷ്ടം വരുത്തിവെച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിപണിയിൽ ഫേസ്ബുക്കിന് കഷ്ടകാലമാണ്. സെപ്റ്റംബർ 13 ന് വാൾസ്ട്രീറ്റ് ജേണലിൽ വന്ന ദോഷകരമായ റിപ്പോർട്ടിന് പിന്നാലെയാണ് ഫേസ്ബുക്ക് വിപണിയിൽ തിരിച്ചടി നേരിട്ടു തുടങ്ങിയത്. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിൽ ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇൻസ്റ്റഗ്രാമിന് പങ്കുണ്ടെന്നും ജനുവരി 6 ലെ കാപിറ്റോൾ കലാപത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് കമ്പനി നേരിടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ 140 ബില്യൺ അമേരിക്കൻ ഡോളറിന്റെ വരുമാന തകർച്ചയാണ് സുക്കർബർഗ് നേരിട്ടത്. 4.9 ശതമാനത്തിന്റെ ഇടിവാണ് ഇന്നലെ മാത്രം സംഭവിച്ചത്. സെപ്റ്റംബറിനു ശേഷം ഫേസ്ബുക്കിന്റെ ഓഹരി വിലയിൽ 15 ശതമാനത്തിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സുക്കർബർഗ് ഇന്നലത്തെ പണിമുടക്കിനെ തുടർന്ന് അഞ്ചാംസ്ഥാനത്തായി. ബിൽഗേറ്റ്സ് ആണ് ഇപ്പോൾ നാലാം സ്ഥാനത്ത്. ഇന്നത്തെ കണക്കു പ്രകാരം ലോകത്തെ അതിസമ്പന്നരുടെ പട്ടിക യഥാക്രമം ഇങ്ങനെയാണ്. എലോൺ മസ്ക് (211 ബില്യൺ), ജെഫ് ബെസോസ്(186 ബില്യൺ), ബെർനാഡ് അർനോൾട്ട്(153 ബില്യൺ), ബിൽ ഗേറ്റ്സ്(124 ബില്യൺ), മാർക്ക് സുക്കർബർഗ്(122 ബില്യൺ), ലാറി പേജ്(120 ബില്യൺ), സെർജി ബ്രിൻ(115 ബില്യൺ), ലാറി എല്ലിസൺ(104 ബില്യൺ), സ്റ്റീവ് ബാൾമർ(102 ബില്യൺ), വാറൻ ബഫറ്റ്(99.7 ബില്യൺ).
സൂചിക പ്രകാരം ലോക സമ്പന്നരിൽ പതിനൊന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തിമൂല്യം 97 ബില്യൺ അമേരിക്കൻ ഡോളറാണ്. മലയാളി ശതകോടീശ്വരൻ എം എ യൂസഫ് അലി 5.79 ബില്യണുമായി 487-ാം സ്ഥാനത്താണ്.