എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് തുപ്പിയെന്ന് ചിന്തിക്കാനാവുക;വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഷാരൂഖ് ഖാൻ്റെ ദുആ ചൊല്ലൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഷാരൂഖും മാനേജർ പൂജ ദദ്‌ലാനിയും ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ പ്രൊഫൈൽ ഫോട്ടോകളായും കവർ ചിത്രങ്ങളായും നവമാധ്യമങ്ങളിൽ നിറയുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചു കൊണ്ടുള്ള നിരവധി കുറിപ്പുകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പത്രപ്രവർത്തകനായ സുജിത്ത് ചന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. നൂറുകണക്കിന് പേരാണ് അത് ഷെയർ ചെയ്യുന്നത്.

എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുകയെന്ന് പോസ്റ്റിൽ അദ്ദേഹം അത്ഭുതം കൊള്ളുന്നു. എത്രമാത്രം വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക. അജയ് യാദവെന്ന ഹരിയാന ബിജെപി നേതാവ് തുടങ്ങിവച്ച വിഷപ്രചാരണം ഏറ്റെടുക്കാൻ മലയാള സാമൂഹ്യ മാധ്യമങ്ങളിൽ വരെ ധാരാളം പേരുണ്ടായി.

അവനവൻ്റെ വിശ്വാസപ്രകാരം പ്രിയപ്പെട്ടവർക്ക് അന്ത്യയാത്രാമൊഴി പറയാനും പ്രാർഥിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കും വിഷപ്രയോഗം നടക്കുന്ന പുതിയ ഇന്ത്യയെയാണ് കാണാനാവുന്നത്. എന്തൊരു ചീഞ്ഞളിഞ്ഞ കാലമാണിത്. ഖാൻ എന്നാണ് പേരെങ്കിലും അദ്ദേഹം ഒരു തീവ്രവാദിയല്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേട് വന്നുചേർന്നിരിക്കുന്നു.

ലതാ മങ്കേഷ്കറിന് ദുആ ചൊല്ലുന്ന ഷാരൂഖ് ഖാനാണ് ഇന്ത്യയെന്നും അല്ലാതെ മൊല്ലാക്കയും ക്രിസ്മസ് പപ്പയും പൂജാരിയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഷൂട്ടല്ലെന്നുമുള്ള വാക്കുകളോടെയാണ് മാധ്യമ പ്രവർത്തകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Related Posts