കുടുംബ പ്രശ്‌നങ്ങളിലെ ബലിയാടുകള്‍ പ്രൈമറി ക്ലാസുകളിലെ കുഞ്ഞുങ്ങളാണ്; ശ്രദ്ധേയമായി അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പ്

കുടുംബ പ്രശ്നങ്ങളിൽ എപ്പോഴും ബലിയാടുകൾ ആയിത്തീരുന്നത് പ്രൈമറി ക്ലാസുകളിലെ കുഞ്ഞുങ്ങളാണ് എന്ന നിരീക്ഷണം പങ്കുവെച്ച് അധ്യാപിക എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കവിത കരയാംവട്ടത്ത് എന്ന അധ്യാപികയുടെ മനോഹരമായ ഫേസ്ബുക്ക് കുറിപ്പാണ് വ്യക്തിഗതമായ അനുഭവങ്ങളുടെ പങ്കുവെയ്ക്കലുകൾ കൊണ്ടും ആഴത്തിലുള്ള നിരീക്ഷണ മികവുകൊണ്ടും സാമൂഹ്യമായ വിലയിരുത്തലുകൾ കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുന്നത്. മന:ശാസ്ത്ര, സാമൂഹ്യശാസ്ത്ര ധാരണകൾ കൂടി ഉൾച്ചേർത്താണ് അധ്യാപിക തൻ്റെ പഴയകാല ക്ലാസ് അനുഭവങ്ങളെപ്പറ്റി എഴുതിയിരിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്കുമുണ്ട് അവരുടേതായ സമൂഹങ്ങള്‍ എന്ന് കുറിപ്പിൽ കവിത പറയുന്നു. വിശാലമായ സമൂഹത്തിന്റെ കുഞ്ഞു പരിച്ഛേദങ്ങളാണ് കുഞ്ഞുങ്ങൾ. മുതിര്‍ന്നവരോട് പൊതുസമൂഹം ചെയ്യുന്നതെല്ലാം കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളോടും ചെയ്യുന്നുണ്ട്. കുട്ടികള്‍ പലപ്പോഴും അവര്‍ക്ക് തന്നെ സ്വയം തിരിച്ചറിയാനാവാത്ത ഒരുപാട് മാനസിക വ്യഥകളും പേറിയാണ് ജീവിക്കുന്നത്.
ഭൗതിക സുഖങ്ങളേക്കാള്‍ കുട്ടികൾ ആഗ്രഹിക്കുന്നത് അച്ഛനമ്മമാരുടെ ശ്രദ്ധയും സംരക്ഷണവും ആത്മാര്‍ഥമായ ഇടപെടലുകളും ഒപ്പം നില്ക്കലുകളുമാണ്. അച്ഛനുമമ്മയും സ്‌നേഹത്തോടെ സദാ ഒപ്പം വേണം എന്ന് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. നാം അവരെ വ്യക്തികളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.
കാലം മുറിവുണക്കും എന്നത് കുട്ടികളുടെ കാര്യത്തില്‍ ശരിയല്ല എന്നാണ് കാലങ്ങളായി കൊച്ചു കുട്ടികളുടെ ലോകവുമായി നിരന്തരം ഇടപെടുന്ന കവിതയ്ക്ക് പറയാനുള്ളത്. കുട്ടിക്കാലത്തുണ്ടാകുന്ന ഓരോ മുറിവും പ്രവചനാതീതമായ ട്രോമകളാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. പിന്നീട് സാമൂഹ്യ ജീവിതത്തില്‍ സാധാരണ മട്ടില്‍ പെരുമാറാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. വിവാഹ മോചനങ്ങള്‍, സ്ത്രീ വിരുദ്ധത, ക്രിമിനല്‍ സ്വഭാവങ്ങള്‍ തുടങ്ങി പല വിഷയങ്ങളുടെയും ഉറവിടം കുട്ടികള്‍ ചെറുപ്രായത്തില്‍ നേരിടുന്ന ട്രോമകളാണ്. അതുകൊണ്ട് കുട്ടികളുടേതായ സമാന്തര ലോകത്ത് മുതിർന്നവർ ഇടപെടുമ്പോള്‍ അത് അത്രമേൽ സൂക്ഷ്മതയോടെ വേണം.
കവിത കരയാംവട്ടത്ത് എന്ന അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പുകൾ നേരത്തേ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലളിത സുന്ദരമായ ഭാഷയിൽ എഴുതുന്ന കവിതയുടെ കുറിപ്പുകൾക്ക് അനവധി വായനക്കാരുണ്ട്.
കവിതയുടെ കുറിപ്പ് അതേ രൂപത്തിൽ താഴെ വായിക്കാം.
ക്ലാസിലെ മിടുക്കനായ കുട്ടി.
ഹോം വര്‍ക്കുകളൊക്കെ മറ്റാരുടെയും സഹായമില്ലാതെയാണ് അവന്‍ ചെയ്യുക. സ്ക്കൂളിലെ ഏതു കാര്യത്തിലും അവനുണ്ട്. പക്ഷെ, അവന്റെ വ്യക്തിത്വത്തിന് ചേരാത്ത ഒരു കാര്യം ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു.
യൂണിഫോം എന്നും അഴുക്കുപിടിച്ചതാണ്.
ഒരു ദിവസം നോട്ട് കറക്റ്റ് ചെയ്യാന്‍ അവന്‍ എന്റെ അടുത്തു വന്നുനിന്നപ്പോള്‍ ഞാനവനെ എന്നോട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു; 'യൂണിഫോം കഴുകുമ്പോള്‍ അല്‍പം കൂടി വൃത്തിയില്‍ കഴുകാന്‍ അമ്മയോട് പറയണം ട്ടോ കുട്ടാ' എന്ന്.
യൂണിഫോം കഴുകുന്നത് ചേട്ടനാണ്, അമ്മയല്ല ടീച്ചറേ' എന്ന് അവൻ്റെ മറുപടി.
ഞാനാകെ അമ്പരന്നുപോയി.
കാരണം, ചേട്ടനെ എനിക്കറിയാം.
അവന്‍ ആറാം ക്ലാസിലാണ്. ഇവന്‍ മൂന്നിലും. സംസാരത്തില്‍ നിന്ന്, അവന്റെ അമ്മ കുറച്ചുകാലമായി അമ്മയുടെ വീട്ടിലാണെന്ന് മനസ്സിലായി.
അച്ഛന്‍ വിദേശത്താണ്. അച്ഛന്റെ സഹോദരങ്ങളുടെ വീട്ടില്‍ മാറിമാറി നില്‍ക്കുകയാണ് അവനും ചേട്ടനും.
കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ ഞാനവനെത്തന്നെ നോക്കിയിങ്ങനെ ഇരുന്നു. പിന്നെ ഒന്നുകൂടിയവനെ ചേര്‍ത്തണച്ച് കവിളത്ത് ഒരു ഉമ്മയും കൊടുത്ത് സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞു.
മറ്റൊരിക്കല്‍, ഒരു ചെറിയ ക്ലാസില്‍ എനിക്ക് സബ്സിസ്റ്റുഷന്‍ പോകേണ്ടി വന്നു. ആദ്യമായിട്ടാണ് ആ ക്ലാസില്‍ പോകുന്നത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ക്കൊരു ജോലി കൊടുത്തു.
അമ്മയെ പറ്റി ഒരു പാരഗ്രാഫ് എഴുതുക.
അല്‍പം കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്നെ അവന്റെ അടുത്തേക്ക് വിളിച്ചു. കക്ഷി ആകെ കണ്‍ഫ്യൂഷനിലാണ്.എന്റെ ശരിയ്ക്കും അമ്മയെ പറ്റിയാണോ ഇപ്പോഴുള്ള അമ്മയെ പറ്റിയാണോ എഴുതേണ്ടത്?
ഇങ്ങനെയൊരു ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
പെട്ടെന്ന് ചറപറാ കമന്റുകള്‍ ക്ലാസില്‍നിന്ന് അവന്റെ മുഖത്ത് വന്നലച്ചു. വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ആ കുഞ്ഞു മുഖം ഇപ്പോഴും ഓര്‍ക്കുന്നു. അവന്റെ അമ്മ മറ്റൊരാളുടെ ഒപ്പം ഇറങ്ങിപ്പോയതാണ്.അച്ഛന്‍ വേറെ വിവാഹം ചെയ്തു. ആ അമ്മയാണ് ഇപ്പോള്‍ അവനെ നോക്കുന്നത്.
പെട്ടെന്ന് ഒരു കുഞ്ഞുപെണ്‍കുട്ടി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. 'ടീച്ചറേ, ക്ലാസില്‍ എല്ലാവരും എപ്പോഴും അവനെ അവന്റെ അമ്മ ഓടിപ്പോയി എന്നുപറഞ്ഞ് കളിയാക്കുന്നു. ടീച്ചര്‍ ഇവരോട് പറയുമോ, ഇനി ആരും അവനെ കളിയാക്കരുതെന്ന്? അവന്‍ എപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നുണ്ട് ട്ടോ.'
ഇനി മേല്‍ ആരും അവനെ ഒരു തരത്തിലും സങ്കടപ്പെടുത്തരുത് എന്ന് എല്ലാവരോടും കൂടിപറഞ്ഞ് അവനെ കുറെ നേരം മടിയിലിരുത്തി, അല്‍പം താലോലിച്ചു. അവന്റെ സങ്കടം തെല്ലുകുറഞ്ഞപ്പോള്‍, ഇനി നിനക്കിഷ്ടമുള്ള നിന്റെ അമ്മയെ പറ്റി എഴുതൂ എന്നുപറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ ശരിയ്ക്കും സ്തബ്ദ്ധരാക്കും. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നറിയാതായിപ്പോകും; ശരി ആരുടെ ഭാഗത്തെന്ന് പറയാന്‍ പറ്റാതെ കുഴങ്ങിപ്പോകും. കുടുംബ പ്രശ്‌നങ്ങളിലെ ബലിയാടുകള്‍ പ്രൈമറി ക്ലാസുകളിലെ കുഞ്ഞുങ്ങളാണ്.
മാതാപിതാക്കള്‍ അവര്‍ എത്തിപ്പെട്ട, ഒരു പക്ഷെ തീര്‍ത്തും വിഭിന്നമായ ഒരു ജീവിതരീതിയോട് / കുടുംബത്തോട് / വ്യക്തിയോട് പൊരുത്തപ്പെട്ടു വരുന്നതേയുണ്ടാകൂ. പാരന്റിങ്ങും പരിചയപ്പെട്ടു തുടങ്ങുന്ന കാലമാണത്. അപ്പോൾ കുഞ്ഞുങ്ങളുടെ ശരിയായ മാനസികാവസ്ഥ രക്ഷിതാക്കൾക്കും മനസ്സിലാവില്ല.
കുഞ്ഞുങ്ങള്‍ക്കുമുണ്ട് അവരുടേതായ സമൂഹങ്ങള്‍. വിശാല സമൂഹത്തിന്റെ കുഞ്ഞു പരിച്ഛേദങ്ങള്‍. മുതിര്‍ന്നവരോട് പൊതുസമൂഹം ചെയ്യുന്നതെല്ലാം അവിടെ കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളോടും ചെയ്യുന്നുണ്ട്. കുട്ടികള്‍ പലപ്പോഴും അവര്‍ക്ക് തന്നെ സ്വയം തിരിച്ചറിയാനാവാത്ത ഒരു പാട് മാനസിക വ്യഥകളും പേറിയാണ് ജീവിക്കുന്നത്. കുട്ടികള്‍ ഭൗതിക സുഖങ്ങളേക്കാള്‍ ആഗ്രഹിക്കുന്നത് അച്ഛനമ്മമാരുടെ ശ്രദ്ധയും സംരക്ഷണവും ആത്മാര്‍ത്ഥമായ ഇടപെടലുകളും ഒപ്പം നില്ക്കലുകളുമാണ്. അച്ഛനുമമ്മയും സ്‌നേഹത്തോടെ സദാ ഒപ്പം വേണം എന്ന് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. നാം അവരെ വ്യക്തികളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്നത്തെ സാമൂഹ്യ, സാങ്കേതിക കാലാവസ്ഥയില്‍ ഓരോ കുട്ടിയും വളര്‍ന്നുവരുന്നതും അങ്ങനെയല്ലേ.
മറ്റൊന്ന്, കാലം മുറിവുണക്കും എന്നത് കുട്ടികളുടെ കാര്യത്തില്‍ ശരിയല്ല. ഓരോ മുറിവും പ്രവചനാതീതമായ ട്രോമകളാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. പിന്നീട് അവർക്ക് സാമൂഹ്യ ജീവിതത്തില്‍ സാധാരണ മട്ടില്‍ പെരുമാറാന്‍ കഴിയാതെ വരുന്നു. വിവാഹ മോചനങ്ങള്‍, സ്ത്രീ വിരുദ്ധത, ക്രിമിനല്‍ സ്വഭാവങ്ങള്‍ അങ്ങനെ പല വിഷയങ്ങളുടെയും ഉറവിടം കുട്ടികള്‍ ചെറുപ്രായത്തില്‍ നേരിടുന്ന ഈ ട്രോമകളാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെതായ സമാന്തര ലോകത്ത് മുതിർന്നവരായ നാം ഇടപ്പെടുമ്പോള്‍ നമുക്ക് എത്രമേൽ സൂക്ഷ്മത വേണമെന്നോ...
കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനൊരാളില്ലെങ്കില്‍, അവരെ ചേര്‍ത്തുപിടിക്കാനാരുമില്ലെന്ന് അവര്‍ക്ക് തോന്നിയാല്‍ അവര്‍ സ്ഥിരമായ വിഷാദത്തിലേക്ക് വീണുപോയേക്കാം. അല്ലെങ്കില്‍ ക്രിമിനല്‍ ജീവിതങ്ങളിലേക്കു പോലും!