ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻ്റർ നെതർലൻഡ്സിൽ
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഉൾപ്പെടെയുളള കമ്പനികളുടെ മാതൃകമ്പനിയായ മെറ്റയുടെ ഡാറ്റ സെൻ്റർ നെതർലൻഡ്സിൽ. കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻ്ററാണ് യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിൽ നിർമിക്കാൻ ഒരുങ്ങുന്നത്.
ആംസ്റ്റർഡാമിൽ നിന്ന് അമ്പത് കിലോമീറ്റർ കിഴക്കുള്ള സീവോൾഡ് നഗരത്തിലാണ് ഡാറ്റ സെൻ്റർ വരുന്നത്. നെതർലൻഡ്സിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിർമിക്കാനുള്ള മെറ്റയുടെ പദ്ധതികൾക്ക് നഗരസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ യൂറോപ്പിലെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന തരത്തിലാണ് സെൻ്ററിൻ്റെ പ്രവർത്തനം.
മണിക്കൂറിൽ 1.38 ജിഗാവാട്ട് വൈദ്യുതിയാണ് സെൻ്ററിന് വേണ്ടി വരുന്നത്. 166 ഹെക്ടർ (410 ഏക്കർ) വിസ്തൃതിയുള്ള കൃഷിയിടത്തിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. രാഷ്ട്രീയവും പാരിസ്ഥിതികവുമായ എതിർപ്പുകൾ ചില കോണുകളിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്ന പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്ന പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
പ്രാരംഭ നിർമാണ ചെലവ് ഏകദേശം 700 മില്യൺ യൂറോ (795 മില്യൺ ഡോളർ) ആയിരിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും മെറ്റാ വക്താവ് മെലാനി റോ പറഞ്ഞു.