രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണം: ഹൈക്കോടതി
കൊച്ചി: അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുതെന്നും രാത്രി പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ലെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ കൂടി കണക്കിലെടുത്ത് ഫോറന്‍സിക് സര്‍ജന്‍മാര്‍ സഹകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു.
അസ്വാഭാവിക മരണങ്ങളില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കി ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്നും താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമയപരിധി തീരുമാനിക്കാന്‍ ആറുമാസത്തിനകം ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.