വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്തെടുത്ത കുട്ടിയെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ദത്തെടുത്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിക്ക് മുന്നിൽ ഹാജരായത്. ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു. കുട്ടിയെ ആരുടെ സംരക്ഷണയിൽ വിടണമെന്നത് സമിതി തീരുമാനിക്കും. വർഷങ്ങളായി കുട്ടികളില്ലാത്തതിനാലാണ് ദത്തെടുത്തതെന്നും അതിൽ ഇടനിലക്കാരില്ലെന്നുമാണ് കുട്ടിയെ ദത്തെടുത്തയാൾ അവകാശപ്പെടുന്നത്. കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഹാജരാക്കി ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിയമപരമായ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.