മയക്കുമരുന്നിന്റെ കെണിയിൽ വീഴുന്നത് 10-15 വയസിനിടെ; എക്സൈസ് വകുപ്പിന്റെ സർവേ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുകയും, കേസിൽ പിടിക്കപ്പെടുകയും ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും ലഹരി ആദ്യമായി ഉപയോഗിക്കുന്നത് 10 വയസിനും 15 വയസിനും ഇടയിലെന്ന് എക്സൈസ് വകുപ്പിന്റെ സർവേ ഫലം. കൗമാരക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരി കഞ്ചാവ് ആണെന്നും സർവേ കണ്ടെത്തി. കഞ്ചാവിലേക്കെത്തുന്നത് പുകവലിയിൽ നിന്നാണ്. മിക്ക ആളുകളും എന്താണെന്ന് അറിയാനാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 79 ശതമാനം പേരും സുഹൃത്തുക്കളിൽ നിന്നാണ് മയക്കുമരുന്ന് ആദ്യമായി സ്വീകരിച്ചത്. ഭൂരിപക്ഷവും മയക്കുമരുന്ന് ഉപയോഗിക്കുന്നത് പുകവലിക്കുന്ന രീതിയിലാണ്. കൂടുതൽ ആളുകളും അവരുടെ സുഹൃത്തുക്കൾക്കൊപ്പമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും സർവേ കണ്ടെത്തി. മയക്കുമരുന്ന് കേസിൽ കുടുങ്ങി ചികിത്സയ്ക്കായി ഡീ അഡിക്ഷൻ സെന്‍ററുകളിലും കൗൺസിലിങ് സെന്‍ററുകളിലും എത്തിയ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസ്സിന് താഴെയുള്ളവരാണ്. 155 പേർ കുറ്റാരോപിതരാണ്. സർവേയിലെ കണ്ടെത്തലുകൾ സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ചിത്രമാകണമെന്നില്ല, പക്ഷേ കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അവ ചില സൂചനകൾ നൽകുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു.

Related Posts