'വിവാഹങ്ങളുടെ മൂല്യം നഷ്ടപ്പെടുന്നതിനാൽ കുടുബ ബന്ധങ്ങൾ ശിഥിലമാകുന്നു'; ഡോ: സി.കെ.കുഞ്ഞി തങ്ങൾ
നാട്ടിക : ആത്മീയ കുടുംബങ്ങൾ സൃഷ്ടിക്കേണ്ടത് സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുന്നതിനും സൗഹാർദ്ദന്തരീക്ഷം നിലനിൽക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ കൗൺസലിംഗ് സൈക്കോളജിസ്റ്റും എസ്.വൈ.എസ്. സംസ്ഥാന കൗൺസിലറുമായ ഡോ.സി.കെ.കുഞ്ഞി തങ്ങൾ പറഞ്ഞു. എസ്.വൈ.എസ്. നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പാവപ്പെട്ട കുടുംബത്തിലെ പെൺമക്കളുടെ വിവാഹത്തിന് മാസാന്തം നൽകുന്ന ഒരു പവൻ സ്വർണ്ണം - മംഗല്യത്തിനൊരു കൈ താങ്ങ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹങ്ങളുടെ മൂല്യങ്ങൾ നഷ്ടപ്പെടുത്തി ദൂർത്തും ദുരാചാരങ്ങളും നിറഞ്ഞ ആഘോഷങ്ങളായി മാറിയതിനാൽ ആത്മീയ കുടുംബങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തത് കുടുംബ ബന്ധങ്ങളുടെ തകർച്ചക്ക് ആക്കം കൂട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ്. മണ്ഡലം പ്രസിഡണ്ട് ഉമർ ഹാജി എടയാടി അദ്ധ്യക്ഷത വഹിച്ചു . നാട്ടിക റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് അബൂബക്കർ ഫൈസി ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി.പി.മുസ്തഫ മൗലവി, വർക്കിംഗ് സെക്രട്ടറി പി.എ. അബ്ദുസ്സമദ് ഫൈസി, ജില്ലാ കൗൺസിലർ പി.കെ. ഹസൻ ഹാജി, വലപ്പാട് പുത്തൻ പള്ളി മഹല്ല് പ്രസിഡണ്ട് സത്താർ ഹാജി ചിറക്കുഴി, എസ്.എം.എഫ്. നാട്ടിക റെയ്ഞ്ച് ജനറൽ സെക്രട്ടറി ഷംനാസ് ഷെരീഫ്, മദ്റസ മാനേജ്മന്റ് അസോസിയേഷൻ നാട്ടിക റെയ്ഞ്ച് ജനറൽ സെക്രട്ടറി പി.എച്ച്. സൈനുദ്ദീൻ, എ.എ.അബ്ദുൽ കാദർ ഹാജി ചിറക്കൽ, വി.എ. ഇസ്മയിൽ മാസ്റ്റർ, പി.എ. ഉസ്മാൻ ഹാജി അന്തിക്കാട്, കെ.എ.അബ്ദുസ്സമദ് മാസ്റ്റർ, കെ.ബി. ഹംസ ഹാജി, സുനീർ തൊട്ടാ ഞ്ചറ,സിറാജുദ്ദീൻ തളിക്കുളം, അബ്ബാസ് പാലത്തിങ്കൽ,പി.കെ. ബദ്റുദ്ദീൻ, പി.വൈ. സിദ്ദീഖ് കുട്ടമംഗലം, മുഹമ്മദ് റാഫി കരയാമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.