കുഞ്ഞില, നിങ്ങൾ ഇന്നൊരു വലിയ ഇലയാണ്, അസംഘടിതർക്ക് തണൽ നൽകുന്ന പെരും ഇല; കുഞ്ഞിലയെ പ്രശംസിച്ച് ഹരീഷ് പേരടി

ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റ് മികച്ച സിനിമയെന്ന് പ്രശസ്ത നടൻ ഹരീഷ് പേരടി. ആന്തോളജിയിലെ എല്ലാ സിനിമകളും ഒന്നിനൊന്ന് മെച്ചമാണെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും മികച്ചത് അസംഘടിതർ ആണ്.

മാസിലാമണിയുടെ സിനിമയ്ക്കുമുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാവുന്നു. അസംഘടിതരുടേത് അസാധാരണമായ ഭാഷയാണെന്ന് പേരടി പറഞ്ഞു.

അസംഘടിതർ എന്ന സെഗ്മെൻ്റ് സംവിധാനം ചെയ്ത കുഞ്ഞില മാസിലാമണിയെ വാനോളം വാഴ്ത്തിയാണ് പേരടിയുടെ പോസ്റ്റ്. കുഞ്ഞില ഇന്നൊരു വലിയ ഇലയാണെന്ന് പേരടി പറഞ്ഞു. അസംഘടിതർക്ക് തണൽ നൽകുന്ന പെരും ഇല.

ഇരട്ട വരി കോപ്പി പുസ്തകത്തിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയ പൊളിറ്റിക്കൽ കറക്റ്റ്നസ് അല്ല അസംഘടിതർ എന്ന സിനിമയുടെ ഭാഷയെന്ന് കുറിപ്പിൽ പറയുന്നു. വരകളില്ലാത്ത പുസ്തകത്തിൽ തലങ്ങനെയും വിലങ്ങനെയും കുത്തിക്കുറിച്ച ഒരു കുഞ്ഞുമനസ്സിന്റെ ആർക്കും മനസ്സിലാവുന്നത്ര ലാളിത്യമുള്ളതും ശക്തവുമായ ഭാഷയിലാണ് സിനിമ സംസാരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ നിറങ്ങൾക്കു നേരെയുള്ള അസംഘടിതരുടെ ഭാഷയാണത്. നിലവിലുള്ള എല്ലാ കൊട്ടാരങ്ങളുടെയും മേൽക്കൂരയിലിരുന്ന് മൂത്രമൊഴിച്ച് കുഞ്ഞ് മൂത്രപ്പുരയുടെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ മുഴുവൻ ബോധ്യപ്പെടുത്ത ഭാഷ.

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതിന് സംവിധായകൻ ജിയോ ബേബിയെ ഹരീഷ് പേരടി അഭിനന്ദിച്ചു.

Related Posts