കുട്ടിക്കാലത്ത് ഡോക്ടറും തയ്യൽക്കാരനും പീഡിപ്പിച്ചു, ഭയം മൂലം അമ്മയോട് പറഞ്ഞില്ല; വെളിപ്പെടുത്തലുമായി നടി നീനഗുപ്ത
കൗമാര പ്രായത്തിൽ ചികിത്സിച്ചിരുന്ന ഡോക്ടറിൽനിന്നും തയ്യൽക്കാരനിൽ നിന്നും മാനഭംഗത്തിന് ഇരയാകേണ്ടി വന്നതായി പ്രശസ്ത അഭിനേത്രി നീനഗുപ്ത. എന്നാൽ ഭയം മൂലം അക്കാര്യം അമ്മയിൽനിന്നും മറച്ചുവെച്ചു. തന്റെ കുറ്റമായി അമ്മ അതിനെ കണക്കാക്കുമോ എന്ന പേടിയാണ് അന്നുണ്ടായിരുന്നത്. ഇതിനോടകം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ച 'സച്ച് കഹൂം തോ' എന്ന ആത്മകഥയിലാണ് നടി കുട്ടിക്കാലം മുതലുള്ള തിക്തമായ ജീവിതാനുഭവങ്ങൾ മറയില്ലാതെ വിവരിക്കുന്നത്.
നേത്രരോഗ വിദഗ്ധനെ കാണാൻ പോയപ്പോഴാണ് ആ ദുരനുഭവം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ അദ്ദേഹം പുറത്തിരുത്തി. "ഡോക്ടർ എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി, തുടർന്ന് കണ്ണുമായി ബന്ധമില്ലാത്ത മറ്റ് ഭാഗങ്ങളിലേക്കും ആ പരിശോധനകൾ നീണ്ടു. അത് സംഭവിക്കുമ്പോൾ ഭയം കൊണ്ട് ഞാൻ വിറങ്ങലിച്ചുപോയിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ വെറുപ്പും ആത്മനിന്ദയും അനുഭവപ്പെട്ടു. വീടിന്റെ ഒരു മൂലയിൽ ആരും കാണാതിരുന്ന് ഞാൻ കരയാൻ തുടങ്ങി. പക്ഷേ, അമ്മയോട് ഇക്കാര്യം പറയാൻ ധൈര്യപ്പെട്ടില്ല. കാരണം ഇതെല്ലാം എന്റെ തെറ്റാണെന്ന് അമ്മ പറയുമോ എന്ന് പേടിച്ചു. അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ഞാൻ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിരിക്കാമെന്ന് അമ്മ പറഞ്ഞെങ്കിലോ എന്നാണ് ഭയന്നത് "- ആത്മകഥയിൽ നീനഗുപ്ത എഴുതുന്നു.
തയ്യൽക്കാരനിൽനിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ചും അവർ വിവരിക്കുന്നുണ്ട്. അളവെടുക്കുന്നതിനിടയിൽ അയാൾ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിച്ചു. അക്കാര്യവും വീട്ടിൽ പറയാൻ ധൈര്യപ്പെട്ടില്ല. കുറ്റം മുഴുവൻ തന്റെ മേൽ ചുമത്തുമോ എന്ന ഭയം മൂലമാണ് മറച്ചുവെച്ചത്. ഇന്ന് മൂന്നു വയസ്സുള്ള കുഞ്ഞുങ്ങൾക്കുവരെ "ചീത്ത'' സ്പർശനത്തെ കുറിച്ചും "നല്ല" സ്പർശനത്തെ കുറിച്ചും ക്ലാസെടുക്കുന്ന രീതിയിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. അക്കാലത്ത് കൗമാരപ്രായക്കാരോട് പോലും അത്തരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നില്ലെന്ന് അവർ എഴുതുന്നു.
റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' എന്ന വിഖ്യാത ചിത്രത്തിൽ ആഭയായി മികച്ച പ്രകടനം കാഴ്ചവെച്ച നീനാ ഗുപ്ത 'വോ ചോക്റി' യിലൂടെ ഏറ്റവും നല്ല സ്വഭാവ നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരേപോലെ ശ്രദ്ധേയയാണ്. അരവിന്ദന്റെ 'വാസ്തുഹാര', രാജീവ് നാഥിന്റെ 'അഹം' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും നീനഗുപ്ത സുപരിചിതയാണ്.