പ്രശസ്തകാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. പുലർച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തിരുന്നു. സംസ്കാരം നാളെ രാവിലെ 11നു ശേഷം ചിറ്റൂർ സെന്റ് മേരീസ് സെമിത്തേരിയിൽ. നാളെ രാവിലെ 8 മുതൽ 8.30 വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിലും 8.30 മുതൽ 11 വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വെയ്ക്കും.
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്‌ക്കടുത്ത് ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1938 ജൂൺ 12 നാണ് സി ജെ യേശുദാസൻ ജനിച്ചത് മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതി എന്ന വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം. കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
വിവിധ മുഖ്യധാരാ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്തി. മെട്രോ വാർത്ത, ദേശാഭിമാനി എന്നീ പത്രങ്ങളിലും കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ.സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു