പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു; വിട പറയുന്നത് മലയാള സിനിമയുടെ കാരണവർ

മലയാള സിനിമയുടെ കാരണവർ കെ എസ് സേതുമാധവൻ (90) വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോടമ്പാക്കത്തെ വസതിയിൽവെച്ച് ഇന്ന് പുലർച്ചെയാണ് മരണം. മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2009-ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.

ഓടയിൽ നിന്ന് (1965), അടിമകൾ (1969), കരകാണാക്കടൽ (1971), പണിതീരാത്ത വീട് (1972) എന്നിവ മികച്ച മലയാള ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. അച്ഛനും ബാപ്പയും (1972) മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് കരസ്ഥമാക്കി. തമിഴ് ചിത്രം മറുപക്കം (1990) മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. തമിഴിൽ ചെയ്ത നമ്മവർ (1994) എന്ന ചിത്രവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. 1995-ൽ പുറത്തിറങ്ങിയ സ്ത്രീ മികച്ച തെലുഗ് ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി.

അരനാഴികനേരം (1970), കരകാണാക്കടൽ (1971), പണിതീരാത്ത വീട് (1972), ഓപ്പോൾ (1980) എന്നീ ചിത്രങ്ങളിലൂടെ നാല് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. പണിതീരാത്ത വീട്, ഓപ്പോൾ എന്നീ സിനിമകൾ മികച്ച ചിത്രങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കി. ചട്ടക്കാരി (1974) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി.

സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടാണ് കെ എസ് സേതുമാധവൻ സിനിമയിൽ എത്തുന്നത്. എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകർക്കൊപ്പവും പ്രവർത്തിച്ച സേതുമാധവൻ 1960-ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ സിനിമയിൽ അരങ്ങേറ്റം കുറിപ്പിച്ചത് കെ എസ് സേതുമാധവനാണ്. ജ്ഞാനസുന്ദരി, അർച്ചന, സ്ഥാനാർഥി സാറാമ്മ, കോട്ടയം കൊലക്കേസ്, ഭാര്യമാർ സൂക്ഷിക്കുക, തോക്കുകൾ കഥ പറയുന്നു, യക്ഷി, അടിമകൾ, കടൽപ്പാലം, കൂട്ടുകുടുംബം, മിണ്ടാപ്പെണ്ണ്, ലൈൻ ബസ്സ്, ഒരു പെണ്ണിൻ്റെ കഥ, ദേവി, അഴകുള്ള സെലീന, ചുക്ക്, കന്യാകുമാരി, അമ്മേ അനുപമേ, നക്ഷത്രങ്ങളേ കാവൽ, അവിടത്തെപ്പോലെ ഇവിടെയും, സുനിൽ വയസ്സ് 20 തുടങ്ങി അമ്പതോളം മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1991-ൽ സുധീഷ് ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് പുറത്തിറങ്ങിയ വേനൽ കിനാവുകൾ ആണ് മലയാളത്തിൽ അദ്ദേഹം ചെയ്ത ഒടുവിലത്തെ സിനിമ.

Related Posts