ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായി പ്രശസ്ത ഹോളിവുഡ് താരം വിൽ സ്മിത്ത്
ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിരുന്ന ഒരു പഴയകാലം തനിക്കുണ്ടെന്ന് ലോക പ്രശസ്ത ഹോളിവുഡ് നടൻ വിൽ സ്മിത്ത്. പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഡോക്യുസീരീസിൻ്റെ ട്രെയ്ലറിലാണ് ഒരിക്കൽ ആത്മഹത്യാ പ്രവണത തന്നെ അലട്ടിയിരുന്നു എന്ന താരത്തിൻ്റെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ഗ്രാമി അവാർഡ് ജേതാവായ നടൻ്റെ ജീവിതത്തിലെ ഫിറ്റ്നസ് ഹെൽത്ത് യാത്രയാണ് യൂട്യൂബ് ഡോക്യുസീരീസിലൂടെ കാണിക്കുന്നത്. 'ബെസ്റ്റ് ഷേപ്പ് ഓഫ് മൈ ലൈഫ് ' എന്നാണ് സീരീസിൻ്റെ പേര്. ആറ് എപ്പിസോഡുകളാണ് ചിത്രത്തിനുള്ളത്. ആദ്യ രണ്ട് എപ്പിസോഡുകൾ നവംബർ
8-ന് റിലീസ് ചെയ്യും. ശേഷമുള്ള നാല് എപ്പിസോഡുകൾ വിൽസ്മിത്തിൻ്റെ
യൂട്യൂബ് ചാനലിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ കാണാം. നവംബർ 9-ന് നടൻ്റെ ആത്മകഥാപരമായ ഓർമക്കുറിപ്പുകളും പുറത്തിറങ്ങുന്നുണ്ട്.
നാല് ഗ്രാമി അവാർഡുകൾ നേടിയ ഹോളിവുഡ് താരത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയുടെ വേഷത്തിൽ വന്ന 'അലി', 'പർസ്യൂട്ട് ഓഫ് ഹാപ്പിനസ് ', 'ബാഡ് ബോയ്സ് ', 'ഇൻഡിപെൻഡൻസ് ഡേ' തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരുള്ള താരമാണ് വിൽ സ്മിത്ത്.