പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ്(78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കണ്ണൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിന്റെ ജനകീയമാക്കിയ ഗായകനാണ് വിടവാങ്ങിയത്. ഒട്ടകങ്ങൾ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്. അന്യരുടെ ഭൂമി എന്ന സിനിമയിൽ എ ടി ഉമ്മറിന്റെ സംഗീതത്തിൽ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...' , തേൻതുള്ളി എന്ന സിനിമയിൽ കെ രാഘവന്റെ സംഗീതത്തിൽ ‘നാവാൽ മൊഴിയുന്നേ…’ എന്നീ സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട് .

1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർ മുഹമ്മദ്. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ജനനം. ഇദ്ദേഹത്തിന്റെ കുഞ്ഞുന്നാളിലേ കുടുംബം തലശേരിയിലേക്കു വന്നു. എട്ടാം വയസിൽ പാടിത്തുടങ്ങി. തലശേരി ജനത സംഗീത സഭയിലൂടെയാണ് ഈ രം​ഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയിൽ ഏറെയും. തമിഴ് മുരുക ഭക്തി​ഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്.

Related Posts