വി എം കുട്ടി അന്തരിച്ചു; വിടപറയുന്നത് മാപ്പിളപ്പാട്ടിൻ്റെ അനശ്വര ഗായകൻ
ആറു പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത ഗായകൻ വി എം കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ മധ്യത്തിൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം കുട്ടി ഈ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ സ്വദേശത്തും വിദേശത്തും വലിയ അംഗീകാരമാണ് അദ്ദേഹം നേടിയത്. പഴയതും പുതിയതുമായ തലമുറകൾക്ക് പ്രിയങ്കരനായ ഗായകനായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംഗീതനാടക അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാപ്പിട്ടപ്പാട്ട് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കഴിഞ്ഞ വർഷത്തെ ഫോക് ലോർ അക്കാദമി അവാർഡ് വി എം കുട്ടിക്കായിരുന്നു. ഗ്രന്ഥകർത്താവ് കൂടിയാണ്. എം എൻ കാരശ്ശേരിയുമായി ചേർന്ന് രചിച്ച മാപ്പിളപ്പാട്ടിൻ്റെ ലോകം, വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട് എന്നീ കൃതികൾ ശ്രദ്ധേയമാണ്. സിനിമകളിലും പാടിയിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു.