തീയറ്ററുകളിൽ ആവേശം; മരക്കാർ ആദ്യ ഷോ കാണാൻ മോഹൻലാലും
കൊച്ചിയിലെ കനത്ത മഴയിലും ആവേശത്തിരയിളക്കി മരക്കാറിന്റെ വരവ് ആരാധകർ ആഘോഷമാക്കി. മലയാളത്തിന്റെ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അർദ്ധരാത്രിയിലാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ നടൻ മോഹൻലാലും കുടുംബത്തോടൊപ്പം എത്തിയിരുന്നു.
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലോകത്താകമാനം 4100 ഓളം സ്ക്രീനുകളിൽ 5 ഭാഷകളിലായാണ് തീയറ്ററുകളിലെത്തിയത്. അർദ്ധരാത്രിവരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതിനാൽ രാത്രി 9 മണിക്ക് മുമ്പായി തന്നെ ആരാധകർ തീയറ്ററിൽ എത്തിയിരുന്നു. പിന്നെ കൊട്ടും പാട്ടും ഡാൻസുമായി കനത്ത മഴയെപ്പോലും മറന്ന് ഉത്സവ ലഹരിയിലായി ആരാധകർ.
എറണാകുളം സവിത തീയറ്ററിൽ കുടുംബത്തോടൊപ്പമാണ് മോഹൻലാൽ സിനിമ കാണാൻ എത്തിയത്. ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ആദ്യ ഷോ കാണാൻ എത്തിയതോടെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായി.