ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'ഹൃദയം' കവരാൻ നാളെയെത്തും പ്രണവും കല്യാണിയും ദർശനയും

പ്രേക്ഷക ലക്ഷങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം നാളെ തിയേറ്ററുകളിൽ റിലീസാവും. ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന നിർമാണ കമ്പനിയായ മെരിലാൻ്റ് പ്രൊഡക്ഷൻസ് കുടുംബത്തിലെ ഇളമുറക്കാരനായ വിശാഖ് സുബ്രഹ്മണ്യത്തിൻ്റെ നേതൃത്വത്തിൽ നിർമാണ രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം, മലയാള സിനിമയിലെ നിരവധി പ്രമുഖരുടെ മക്കൾ ഒന്നിക്കുന്ന ചിത്രം തുടങ്ങി നിരവധി സവിശേഷതകളാണ് ഹൃദയത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്.

സൂപ്പർ താരം മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാൽ നായകനാവുമ്പോൾ സംവിധാനം ചെയ്യുന്നത് അഭിനേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ മകൻ വിനീത് ശ്രീനിവാസനാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ്റെയും പഴയകാല നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക.

മലയാളത്തിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഗാനങ്ങളുടെ സമൃദ്ധിയാണ് ചിത്രത്തെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 'ദർശന', 'അരികെ നിന്ന', 'ഒണക്ക മുന്തിരി', 'തതക തെയ്താരേ', 'മിന്നൽക്കൂടി', 'മുകിലിൻ്റെ' തുടങ്ങി എല്ലാ ഗാനങ്ങളും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുന്നവയാണ്.

ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നടൻ പൃഥ്വിരാജ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രത്തിലെ അഭിനേത്രി കൂടിയായ ദർശന രാജേന്ദ്രനാണ് 'ദർശന' എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്. ഗൃഹാതുരമായ ഒട്ടേറെ ഓർമകൾ സമ്മാനിക്കുന്ന പഴയകാല ഓഡിയോ കാസറ്റ് തിരിച്ചുകൊണ്ടുവന്ന ചിത്രം എന്ന സവിശേഷത കൂടി ഹൃദയത്തിനുണ്ട്.

Related Posts